Saturday, February 17, 2018

മടക്കം

നിന്നിലേക്കിനി എത്രയോദൂരങ്ങൾ ബാക്കിയാണ് ..
മരുഭൂമിയുടെയും , മണൽക്കാറ്റിന്റെയും , വിയർപ്പുമണങ്ങളുടെയും,
മനുഷ്യരുടെയും ദൂരങ്ങൾ കടന്നാൽ ..
പിന്നെയും ഒരു കടൽദൂരം ബാക്കിയാണ് .

വേട്ടവളേ പിന്നിൽവിട്ട് വെളുത്തകാറിന്റെ വാതിൽ അടച്ച് 

ഓടിയകന്നതാണ് ..തിരിഞ്ഞുനോക്കിയില്ല .
പിൻവിളികൾ, അവ ഗദ്‌ഗധ കണ്ഠങ്ങളിൽ കുരുങ്ങികിടപ്പുണ്ടെന്നറിയാം 
കണ്ടിട്ടും കണ്ടില്ലെന്നുനടിച്ചതാണ്.
ബന്ധനങ്ങളുടെ ചങ്ങലക്കൊളുത്തുകൾ പുറകോട്ട് വലിക്കും മുൻപ് പറക്കണം വിജയിച്ചു തിരിച്ചുവരണം ..

എന്നിട്ടും അശക്തനാകുന്നതെന്താണ് ?

നീതന്ന ഇന്നലെകൾ അവിടത്തന്നെ കിടപ്പാണ് 
രാത്രികളിൽ നിന്റെ ശൂന്യത ഓരത്ത് പുതപ്പിനടിയിൽ ചുരുണ്ടുകിടക്കുന്നു .
എന്നെപ്പൊതിയുന്ന ഏതു കാറ്റിലാണ് നിന്റെ നിശ്വാസങ്ങൾ ഉള്ളത് ?
നിന്റെ നെഞ്ചുരുക്കങ്ങൾ, വീണുചിതറിയ പ്രാർത്ഥനകൾ 
നീപൊഴിക്കുന്ന കണ്ണുനീർത്തുള്ളികൾ വീണതിവിടെയാണ് . എന്റെ ഹൃദയത്തിൽ ..
അവ വീണുപൊള്ളി ആഴത്തിലുള്ള മുറിവുകൾവീണിരിക്കുന്നു .
ചോദ്യങ്ങൾക്കുത്തരമില്ലാതെ ഞാൻ വിഡ്ഢിച്ചിരി ചിരിച്ചു .
ഉള്ളിൽ വിലപിച്ചു , കണ്ണുനീർ പുറകോട്ടൊഴുക്കി നിശബ്ദനായി മാപ്പിരന്നു .
അറിയൂ ..ഒരു മടക്കം എന്നെ മാടിവിളിക്കുന്നുണ്ട് 
കാണാമാറാപ്പുകൾ പിന്നിലുപേക്ഷിക്കണം .
പാതയിലൂടെ കാളവണ്ടിയോട്ടണം 
നിന്നിലേക്കുള്ള ദൂരം താണ്ടണം ....
അവിടെ 
പോരാട്ടത്തിൽ കൂടപ്പിറപ്പിന് കൈതാങ്ങാകണം , ഊർജമേകണം 
തോളോടുചേർന്നു പൊരുതണം.
തളരുമ്പോൾ ,അമ്മമടിത്തട്ടിൽ അഭയം തേടണം .
അച്ഛന്റെ കരൾ വേവുകൾക്കുമേൽ ഒരു വർഷമായി പൊഴിയണം .
നിന്റെ പ്രണയത്തണുപ്പിലേക് ഊളിയിട്ടിറങ്ങണം 
അതിന്റെ തീരത്തു മിഴികൾപൂട്ടി നിന്നീടണം 


ആത്മനിർവൃതിയടയണം....

No comments:

Post a Comment