Friday, March 30, 2018

****പ്രതിഷേധിക്കുക ****

കേഴുക പ്രിയ കാടെ..

നിന്റെ ആണ്മക്കളുടെ കഴുത്തിന്
അവർ ചങ്ങല തീർക്കും ..
അടിമകളാക്കും ,കൊന്നുതിന്നും ..

നിന്റെ പെണ്മക്കളുടെ മാനം കവർന്നെടുക്കും
പെറ്റുകൂട്ടിയ പൈതങ്ങൾക്കു അന്നം തേടി
അവർ ആത്മാഹൂതി ചെയ്യും .

തേനും മരങ്ങളും കച്ചവടം ചെയ്യും
നിന്റെ സ്വച്ഛതയെ വേട്ടപ്പട്ടികളും വെടിയൊച്ചകളും
ശബ്ദമുഖരിതമാക്കും ...

കിളികളെ നിശ്ശബ്ദരാക്കും
മാനുകളുടെയും പാമ്പുകളുടെയും കണ്ണുകൾക്ക്
അവർ ഭയം നൽകും ..

നിന്റെ വസന്തങ്ങൾ പൂക്കളെ തിരഞ്ഞു മടങ്ങിപ്പോകും
കൊമ്പില്ലാത്ത കരികളുടേയും , തൊലിയുരിഞ്ഞുപേക്ഷിച്ച
പുലികളുടെയും ശവങ്ങൾ ..
നിന്റെ ആറുകളെ മലിനമാക്കും , അവയുടെ വേഗം നഷ്ടമാക്കും.

മരക്കുറ്റികൾ വീണ്ടും തളിർക്കാൻ മടിക്കും .

നിനക്ക് നിന്റെ ആത്മാവ് കളഞ്ഞു പോകും.

പുറകോട്ട് പിൻവാങ്ങുംതോറും
നഗരം നിന്നെ കാർന്നു കാർന്നു തിന്നും ...

അതിനു മുൻപ് .. പ്രതിഷേധിക്കുക ...

ഒരു പേമാരിയായോ , കൊടുങ്കാറ്റായോ , ഭൂമികുലുക്കമായോ
പ്രതിഷേധിക്കുക...

Thursday, March 29, 2018

ഇലകൾ

ഇലകൾ ചിലത്...
മരത്തിന്റെ ചേതനയെ പ്രണയിച്ചവരാണ്.
ഒരു ഗ്രീഷ്മത്തിൽ ഞെട്ടറ്റ്..
കാലടികളിൽ,പുനർജനികാത്ത് അവ പട്ടുകിടക്കും.
പിന്നെ , വർഷ കണങ്ങളിൽ തൊട്ടുണർന്ന് കുതിർന്ന്
മണ്ണിൽ അലിഞ്ഞു ചേരും.
വേർപാടിന്റെ തപ്താശ്രുക്കൾ തേടി
ദിശതെറ്റിയലഞ്ഞ വേരുകളുടെ കവാടങ്ങളിൽ
കൈകൂപ്പിനിന്നവർ സായൂജ്യമടയും.

ആത്മാവിനോടാവർ മന്ത്രിക്കും ..

കാലാതിവർത്തിയായി നിന്നെ പ്രണയിക്കാൻ
സിരകളിലൂടെപടർന്ന് ശിഖരങ്ങളിൽ ഞാൻ തളിർക്കാറായി...